ഇന്ത്യക്ക് മിസൈൽ മാനെ സംഭാവന ചെയ്യുന്നതിൽ ബൃഹത് പങ്ക് വഹിച്ച ഭൗതികശാസ്ത്ര അദ്ധ്യപകൻ ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈയ്‌ക്ക് വിട. തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ ബെസ്ചി ഇല്ലത്തായിരുന്നു അന്ത്യം. 100 വയസായിരുന്നു.
ബഹിരാകാശ ശാസ്ത്രത്തിൽ കലാമിനുള്ള മികവ് കണ്ടെത്തിയത് ജെസ്യൂട്ട് ഫാദർ ലാഡിസ്‌ലൗസ് ചിന്നദുരൈ ആയിരുന്നു. 1950-കളിൽ ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജിൽ ഭൗതികശാസ്ത്ര പ്രൊഫസറായിരിക്കെ കലാമിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചത് അദ്ദേഹമായിരുന്നു. ന്യൂക്ലിയർ ഫിസിക്സും തെർമോഡൈനാമിക്സും പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. കലാമിന്റെ ആത്മകഥയായ “അഗ്നിയുടെ ചിറകുകൾ” എന്ന പുസ്തകത്തിലും അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
1923 ജൂൺ 13-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഫാ. ചിന്നദുരൈ ജനിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ട്രിച്ചിയിൽനിന്നുള്ള ആദ്യത്തെ ബ്രാഹ്‌മണനായ മഹാദേവ അയ്യരുടെ ചെറുമകനായ ഫാ. ചിന്നദുരൈ തന്റെ 39-ാം വയസിൽ അദ്ധ്യാപന ജീവിതം ഉപേക്ഷിച്ച് 1962 -ൽ സൊസൈറ്റി ഓഫ് ജീസസിൽ അംഗമാകുകയായിരുന്നു. തുടർന്ന് ട്രിച്ചിയിലെ സെൻ്റ് ജോസഫ് കോളേജ്, ചെന്നൈയിലെ ലയോള കോളേജ്, പാളയംകോട്ടയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1970-ൽ വൈദികനായി അഭിഷിക്തനായി.
ട്രിച്ചിയിലും ഡിണ്ടിഗലിലും തിരുവനന്തപുരത്തും മികച്ച തലമുറകളെ വാർത്തെടുക്കുന്നതിന് ഫാ. ചിന്നദുരൈയ്‌ക്ക് സാധിച്ചിട്ടുണ്ട്. അസാധാരണമായ ഓർമന്മശക്തിയുണ്ടായിരുന്ന അദ്ദേഹത്തിന് അപാരമായ അറിവുണ്ടായിരുന്നു.