ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്സൽ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പേഴ്സൽ സെക്രട്ടറി ബിഭവ് കുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സർക്കാർ ജോലി തടസപ്പെടുത്തി എന്നാരോപിച്ച് ഇയാൾക്കെതിരെ നിലനിൽക്കുന്ന കേസ് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചത്.
2007-ലെ കേസ് കണക്കിലെടുത്ത് വിജിലൻസ് സ്‌പെഷ്യൽ സെക്രട്ടറി വൈവിവിജെ രാജശേഖറാണ് ഉത്തരവിറക്കിയത്. നിയമനത്തിനുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിലെ ലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് വിജിലൻസ് അറിയിച്ചു.
നോയിഡയിലെ ഡെവലപ്‌മെൻ്റ് അതോറിറ്റിയിൽ നിയമിതനായ മഹേഷ് പാലിനെയാണ് കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്ന് ബിഭവ് കുമാർ തടസപ്പെടുത്തിയത്. ബിഭവ് കുമാറും മറ്റ് മൂന്ന് പേരും ചേർന്ന് പരാതിക്കാരനെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇത് ഗുരുതര കുറ്റമാണെന്നും ഉത്തരവിൽ പറയുന്നു.
മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട കേസിൽ ബിഭാവ് കുമാറിനെയും എഎപി എംഎൽഎ ദുർഗേഷ് പഥക്കിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസവും ബിഭാവിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.