വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഒന്നിച്ച ചിത്രം ദി ഫാമിലി സ്റ്റാർ ജനപ്രീതി നേടി മുന്നേറുന്നു. ഏറെ വാർത്താശ്രദ്ധ നേടിയ ചിത്രമാണ് ദി ഫാമിലി സ്റ്റാർ. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നെഗറ്റീന് റിവ്യൂകൾ ഉണ്ടാവുകയും ഇതിനെതിരെ പരാതിയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലിതാ ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തിയേറ്ററിലെത്തി ആറ് ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം നേടിയത്.
ഈ മാസം അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഗീതാഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ പരശുറാം പെറ്റ്‌ലയും വിജയ് ദേവരക്കൊണ്ടയും ഒരുമിച്ച ചിത്രമാണ് ഫാമിലി സ്റ്റാർ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമിച്ചത്. 50 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഗോപി സുന്ദറാണ് സംഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി നെഗറ്റീവ് പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ സൈബർ ക്രൈം സെല്ലിന് പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരം നെഗറ്റീവ് ക്യാമ്പെയിനുകൾ സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.















