ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ.കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ. ഇഡി നേരത്തെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കവിതയെ ജയിലിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. തിഹാറിനുള്ളിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതുവരെ കവിത തിഹാർ ജയിലിൽ തുടരും. കോടതിയിൽ ഹാജരാക്കുന്ന കവിതയെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് സിബിഐ നീക്കം.
ബുധനാഴ്ച മുതൽ സിബിഐ സംഘം തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള അനുമതി ഏപ്രിൽ അഞ്ചിന് ഡൽഹി കോടതി നൽകിയതിനെ തുടർന്നാണ് സിബിഐ തിഹാറിലെത്തി ചോദ്യം ചെയ്തത്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എംഎൽസിയുമായ കവിതയെ കഴിഞ്ഞ മാർച്ച് 15നായിരുന്നു ഹൈദരാബാദിലെ വസതിയിൽ നിന്നും ഇഡി അറസ്റ്റ് ചെയ്തതത്. ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു ഇഡിയുടെ നടപടി.
മദ്യശാല ലോബികളിൽ നിന്നും നൂറുകോടിയോളം പിരിച്ച് ആംആദ്മി പാർട്ടിക്ക് കവിത കൈമാറിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. കേസിൽ ആരോപണ വിധേയനായ ബുച്ചി ബാബുവിന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ബിആർഎസ് നേതാവിനെ സിബിഐ ചോദ്യം ചെയ്തത്.















