ഡെറാഡൂൺ: മുൻ കാലങ്ങളിൽ രാജ്യം ഭരിച്ചിരുന്ന സർക്കാരുകൾ ഭീകരവാദം തഴച്ചുവളർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ദുർബലമായപ്പോഴെല്ലാം ശത്രുക്കൾ അത് മുതലെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യയിൽ ശക്തമായ ഒരു സർക്കാരുണ്ട്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് നമ്മുടെ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റോ ശത്രുക്കളുടെ വെടിയുണ്ടകളിൽ നിന്ന് രക്ഷ നേടാൻ ശരിയായ സംവിധാനങ്ങളോ ഇല്ലായിരുന്നു. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ സ്ഥിതഗതികൾ മാറിമറിഞ്ഞു. നമ്മുടെ രാജ്യത്ത് തന്നെ നിർമിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നമ്മുടെ സൈനികർ ഇന്ന് ഉപയോഗിക്കുന്നത്.
ആത്മനിർഭർ ഭാരതിന് കീഴിൽ ഇന്ന് റൈഫിളുകൾ മുതൽ യുദ്ധവിമാനങ്ങളും വിമാനവാഹിനിക്കപ്പലുകളും വരെ രാജ്യത്ത് നിർമിക്കപ്പെടുന്നു. ഇപ്പോൾ സൈന്യം ഹൈടെക് രീതിയിലാണ് പ്രവർത്തിക്കുന്നത്. എൻഡിഎ സർക്കാരിന്റെ നേട്ടങ്ങളുടെ ഫലമാണ് രാജ്യത്തുടനീളം നാം ഇന്ന് കാണുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇന്ത്യയെ മുമ്പത്തേക്കാൾ എത്രയോ മടങ്ങ് ശക്തമാക്കിയ സർക്കാരാണ് ഞങ്ങളുടേത്.
കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ദരിദ്രരുടെയും തൊഴിൽരഹിതരുടെയും പണമാണ് അവർ കൊള്ളയടിച്ചിരുന്നത്. ഇന്നും അവർ തന്നെ അധികാരത്തിലിരുന്നെങ്കിൽ രാജ്യത്ത് ഒരു വികസനവും ഉണ്ടാകില്ലായിരുന്നു. മാത്രവുമല്ല, എല്ലാം കൊള്ളയടിക്കുകയും അഴിമതിയിലൂടെ കൈക്കലാക്കുകയും ചെയ്യുമായിരുന്നു. അഴിമതി ഇല്ലാതാക്കൂ എന്ന് ഞങ്ങൾ പറയുമ്പോൾ അഴിമതിക്കാരെ രക്ഷിക്കൂ എന്നാണ് അവർ പറയുന്നത്- പ്രധാനമന്ത്രി പറഞ്ഞു.















