ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. 39.1 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് ഡൽഹി നഗരത്തിലെ ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്.
സീസണിലെ ശരാശരിയേക്കാൾ നാലുപോയിന്റ് കൂടുതതലാണിതെന്നും വ്യക്തമാക്കുന്നു. ദേശീയ തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സീസണിലെ ശരാശരിയേക്കാൾ മൂന്നു പോയിന്റ് താഴെയായിരുന്നു ഇത്. വരും ദിവസങ്ങളിൽ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി ഉടൻ മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഞായറാഴ്ച ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയ്‌ക്ക് സാധ്യതയുണ്ട്.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് , ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വാരാന്ത്യത്തോടുകൂടി ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.