ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് കച്ചിലെ ഖദ്വയിൽ ഒരുങ്ങി. 538 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിന് പാരിസ് നഗരത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ട്. സൗരോർജ്ജവും കാറ്റാടിയന്ത്രത്തിൽ നിന്നുള്ള ഊർജ്ജവും സംയുക്തമായി ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദനം.
ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 30 ജിഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ പറഞ്ഞു.
മുൻപ് സസ്യങ്ങളും മനുഷ്യവാസവും ഇല്ലാത്ത ഇടുങ്ങിയ എയർസ്ട്രിപ്പായിരുന്നു പ്രദേശം. കനത്ത പൊടിക്കാറ്റും ഉപ്പുവെള്ളം നിറഞ്ഞ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് പോലും അദാനി ഗ്രൂപ്പിന് വെല്ലുവിളിയായിരുന്നു. 1.5 ലക്ഷം കോടി രൂപ വിനിയോഗിച്ച് നിർമിച്ച പാർക്ക്. പാകിസ്താൻ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.