വിനീത് ശ്രീനിവാസൻ സിനിമകൾക്ക് എന്നും പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ഏത് പ്രായക്കാരായിക്കോട്ടെ വിനീതിന്റെ സിനിമകൾക്ക് ആദ്യദിനം, ആദ്യ ഷോ തന്നെ തിയറ്ററുകൾ നിറഞ്ഞിരിക്കും. ഹൃദയത്തിന് ശേഷം വീനിത് ശ്രീനിവാസൻ ഒരുക്കിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയെ ഇഷ്ടപ്പെടുന്ന, സൗഹൃദങ്ങൾക്ക് വില നൽകുന്ന ഏവരുടെയും മനസിൽ തൊടുന്ന സിനിമയാണ് വിനീതിന്റെയും കൂട്ടുകാരുടെയും ഈ ചിത്രം.
നാടകത്തോടും എഴുത്തിനോടും സിനിമയോടും പാട്ടിനോടും കമ്പമുള്ള രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. ‘വർഷങ്ങൾക്ക് മുമ്പ്’ എന്ന ടാഗ് ലൈനോടെ നാട്ടിൻപുറത്തെ ഒരു നാടകത്തിൽ നിന്നാരംഭിക്കുന്ന സിനിമയുടെ അവസാനവും സിനിമ തന്നെയാണ്. പ്രണയവും സൗഹൃദവും പറയുന്ന സിനിമ വളരെ രസകരമായിട്ടാണ് പ്രേക്ഷകനെ മദ്രാസിലെത്തിക്കുന്നത്. 1970-90 കാലഘട്ടമാണ് സിനിമയിൽ കാട്ടുന്നത്.
ചിത്രത്തിന് ആദ്യ ദിനം തന്നെ വൻ പ്രതികരണമാണ് ലഭിക്കുന്നത്. വേണുവിന്റെയും(ധ്യാൻ) മുരളിയുടെയും(പ്രണവ്) സൗഹൃദമാണ് ആദ്യ പകുതിയിൽ പറയുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതി പതിവ് വിനീത് ശ്രീനിവാസൻ ചിത്രങ്ങളുടെ എല്ലാ ചേരുവകളും ഉണ്ട്. എന്നാൽ തമാശകളും പരസ്പരം കണക്ടാകുന്ന സീനുകളും നിറഞ്ഞ രണ്ടാം പകുതി പ്രേക്ഷകനെ പിടിച്ചിരുത്തി. പതിയെ തുടങ്ങി സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാൻ വിനീതെന്ന സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്.
തിരക്കഥയാണ് വർഷങ്ങൾക്ക് ശേഷത്തിന്റെ നട്ടെല്ല്. ഫ്‌ളാഷ് ബാക്കുകൾ കഥപറയുന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് ലാഗ് തോന്നിപ്പിക്കുന്ന ഘട്ടത്തിൽ അപ്രതീക്ഷിതമായി എത്തുന്ന തമാശകൾ ആ മൂഡിനെ തന്നെ മാറ്റിക്കളയും. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഒപ്പത്തിനൊപ്പം പെർഫോം ചെയ്ത സിനിമയിൽ ഇരുവരുടെയും കെമിസ്ട്രി മികച്ച് നിൽക്കുന്നു. ഒരു പൊടിക്ക് ധ്യാനിന്റെ അഭിനയം തന്നെയാണ് മികച്ചത്. ഇരുവരുടെയും പ്രകടനത്തെയും മേക്ക് ഓവറിനെയും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അജു വർഗീസും ഷാൻ റഹ്‌മാനും ബേസിലും കല്യാണിയും നിത പിള്ളയും വിനീതുമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമ്പോൾ എടുത്ത് പറയേണ്ടത് നിവിൻ പോളിയുടെ പ്രകടനമാണ്. ആരാധകർ കാണാൻ ആഗ്രഹിച്ച നിവിനെ വിനീത് ശ്രീനിവാസന് സിനിമയിലൂടെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം നേരിടുന്ന വിമർശനങ്ങളെ പൊളിച്ചെഴുതാനും നിവിന് സാധിച്ചിട്ടുണ്ട്.
പാട്ടുകളാൽ സമ്പന്നമാണ് വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ. ബാക്ക് ഗ്രൗണ്ട് സ്‌കോറുകളാലും പാട്ടുകളാലും പ്രേക്ഷകരിൽ വർഷങ്ങൾക്ക് ശേഷം ആവേശം നിറയ്‌ക്കുന്നുണ്ട്. അമൃത് രാംനാഥ് ഒരുക്കിയ സംഗീതം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. രഞ്ജൻ എബ്രഹാം ചെയ്ത എഡിറ്റിംഗും വിശ്വജിത്തിന്റെ ക്യാമറയും കയ്യടി അർഹിക്കുന്നതാണ്.
ജനങ്ങളുടെ പൾസ് മനസിലാക്കി ഒരുക്കിയ വിനീത് ശ്രീനിവാസന്റെ അടുത്ത സൂപ്പർഹിറ്റ് ആണ് വർഷങ്ങൾക്ക് ശേഷം. എല്ലാവർക്കും ആസ്വദിക്കാവുന്ന വളരെ മികച്ച മേക്കിംഗും തിരക്കഥയും അവകാശപ്പെടാവുന്ന ഫുൾ ഇമോഷണൽ കണക്ഷൻ തോന്നുന്ന ഒരു ചിത്രം കൂടിയാണിത്.
—-ആതിര അജിത്കുമാർ—-