ബെംഗളൂരു: കസ്റ്റംസ്, ആൻഡ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി ) ഉദ്യോഗസ്ഥരായി ചമഞ്ഞ് ബെംഗളൂരു ടെക്കിയിൽ നിന്ന് തട്ടിപ്പുസംഘം കൈവശപ്പെടുത്തിയത് 2.24 കോടി രൂപ. ബെംഗളൂരു ജക്കൂർ സ്വദേശിയും 52-കാരനുമായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കുമാരസാമി ശിവകുമാറാണ് തട്ടിപ്പിനിരയായത്.
തങ്ങൾ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ളവരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പുകാർ പണം കൈവശപ്പെടുത്തിയത്. ശിവകുമാറിന്റെ ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത എയർപാഴ്‌സൽ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുന്നതായും പാഴ്‌സലിൽ 16 പാസ്‌പോർട്ടുകളും 58 എടിഎം കാർഡുകളും 140 ഗ്രാം എംഡിഎംഎ മയക്കുമരുന്നും ഉണ്ടെന്ന് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. തുടർന്ന് കോൾ ‘നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’യിലേക്ക് മാറ്റിയാതായി അറിയിച്ച തട്ടിപ്പുകാർ സ്കൈപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈനിൽ വരാൻ നിർബന്ധിക്കുകയും കേസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ വമ്പൻ തുക കൈമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തട്ടിപ്പുകാരുടെ കെണിയിൽ വീണ കുമാരസാമി ശിവകുമാർ മാർച്ച് 18 – 27 തീയതികളിലായി എട്ട് അക്കൗണ്ടുകളിലേക്ക് 2,24,05,000 രൂപ ട്രാൻസ്ഫർ ചെയ്തു.താൻ കബളിക്കപ്പെട്ടതായി പിന്നീട് മനസ്സിലാക്കിയ ശിവകുമാർ ഏപ്രിൽ 5ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സമാനമായ മറ്റൊരു സൈബർ തട്ടിപ്പ് നടന്നിരുന്നു. 29-കാരിയായ അഭിഭാഷകയ്‌ക്ക് 14.57 ലക്ഷം രൂപയാണ് നഷ്ടമായത്.