ന്യൂഡൽഹി: 5 രൂപ നാണയം വിഴുങ്ങിയ കുട്ടിയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ. ഡൽഹി മൂൽചന്ദ് ആശുപത്രിയിലെ ഡോക്ടർ ഋഷി രാമനാണ് അബദ്ധത്തിൽ വിഴുങ്ങിയ 5 രൂപ നാണയം പുറത്തെടുത്ത് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ദിവസങ്ങൾക്കു മുൻപാണ് ഉമാശങ്കർ മിശ്രയുടെ മകൻ ശുഭം മിശ്ര അബദ്ധത്തിൽ നാണയം വിഴുങ്ങിയത്. പ്രത്യേകിച്ച് അസ്വസ്ഥതയോ ലക്ഷണങ്ങളോ പ്രകടമായിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 5 രൂപ നാണയം കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ഡൽഹിയിലെ മൂൽചന്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടർ ഋഷി രാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമഫലമായി വയറ്റിൽനിന്നും നാണയം പുറത്തെടുക്കാൻ സാധിച്ചു.
കുട്ടിയുടെ പിതാവ് സംഭവം വിവരിക്കുന്ന വീഡിയോ ആശുപത്രി അധികൃതർ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോൾ പരിഭ്രാന്തരായിരുന്നുവെന്നും എന്നാൽ 15 മിനിറ്റുകൾക്കുള്ളിൽ തന്നെ ഡോക്ടർ നാണയം നീക്കം ചെയ്തുവെന്ന് പിതാവ് പറഞ്ഞു. മകന്റെ ജീവൻ രക്ഷിച്ച ഡോക്ടറിനും മൂൽചന്ദ് ഹോസ്പിറ്റൽ അധികൃതർക്കും ഉമാശങ്കർ നന്ദി പറയുകയും ചെയ്തു.















