എറണാകുളം : മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹെെക്കോടതി. സിഎംആർഎൽ എംഡി ശശിധരൻ കർത്ത തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. ഇഡി സമൻസിലെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്ത ഹെെക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.
ഇന്നലെയാണ് സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി സമൻസയച്ചത്. ഇഡിയുടെ വാദങ്ങൾ കൂടി പരിഗണിച്ചാണ് ഹെെക്കോടതി ഹർജി തള്ളിയത്. നേരത്തെ ഫിനാൻസ് ഓഫീസർമാർക്ക് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. പിന്നാലെയാണ് അന്വേഷണ ഏജൻസി എംഡിക്ക് സമൻസയച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ നേതൃത്വത്തിലുളള എക്‌സാലോജിക്ക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. നൽകാത്ത സേവനത്തിന് വീണ വിജയന് 1.72 കോടി രൂപ നൽകിയെന്നാണ് കണ്ടെത്തിയത്. ഈ പണം മാസപ്പടിയായി വീണയ്‌ക്ക് നൽകിയതാണെന്നാണ് കണ്ടെത്തൽ. 2017ൽ 36 ലക്ഷവും 2018 ൽ 60 ലക്ഷവും 2019 ൽ 15 ലക്ഷവും സിഎംആർഎൽ വീണാ വിജയനും എക്‌സാലോജിക്കിനും നൽകി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഏറ്റെടുത്തത്.