തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഇന്നും സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. കനത്തമഴയെ പോലും വകവെയ്‌ക്കാതെ സെക്രട്ടറിയേറ്റ് പടിക്കൽ ശയനപ്രദക്ഷിണം ചെയ്താണ് ഉദ്യോഗാർത്ഥികൾ തങ്ങളെ വഞ്ചിച്ച ഇടതുസർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങൾ സമരം ചെയ്തിട്ടും ഭരണപക്ഷ യുവജനസംഘടനകളൊന്നും തിരിഞ്ഞു നോക്കിയില്ലെന്നും ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തി.
പരിഷ്കരണത്തിന്റെ പേരിൽ അഞ്ച് വർഷം കളഞ്ഞില്ലേ. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടത്താൻ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും തങ്ങളുടെ അപേക്ഷ കാണുന്നില്ലേയെന്നും കേൾക്കുന്നില്ലേയെന്നും കൊരിച്ചോരിയുന്ന മഴയത്ത് ഉദ്യോഗാർത്ഥികൾ ചോദിച്ചു. ഇനിയെങ്കിലും കണ്ണ് തുറക്കണമെന്നും ഉദ്യോഗാർത്ഥികൾ അഭ്യർത്ഥിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ആന്റി ഇലക്ഷൻ ക്യാമ്പെയിൻ നടത്തും. നിയമനങ്ങൾ നടത്താത്ത സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും അവർ പറഞ്ഞു.
ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധവും നിലപാടും കടുപ്പിക്കുന്നത്. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ 9,946 പേരാണ് തെരുവിലേക്ക് ഇറങ്ങുക. 2023 ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. നിലവിൽ 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.















