കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടന കേസിലെ മുഖ്യപ്രതികളെ എൻഐഎ പിടികൂടിയതിന് പിന്നാലെ പശ്ചിമബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മമതാ ബാനർജിക്ക് കീഴിൽ ഭീകരരുടെ സുരക്ഷിത താവളമായി പശ്ചിമബംഗാൾ മാറിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ലെയും പറഞ്ഞു.
രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതികളായ മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹമ്മദ് താഹാ എന്നിവരെ ഇന്ന് കൊൽക്കത്തയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കർണാടകയിലെ ശിവമോഗയിലുള്ള ഐഎസിന്റെ സ്ലീപർ സെല്ലിന്റെ ഭാഗമായിരിക്കാമെന്ന് അമിത് മാളവ്യ എക്‌സിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസിന് കീഴിൽ ഭീകരരുടെ സുരക്ഷിത താവളമായി ബംഗാൾ മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃണമൂൽ കോൺഗ്രസ് എന്നാൽ അഴിമതിയും ഭീകരവാദവും ആയി മാറിയെന്ന് ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലെ പറഞ്ഞു. എങ്ങനെയാണ് ബംഗാൾ ഭീകരരുടെയും ജിഹാദികളുടെയും സുരക്ഷിത താവളമായി മാറിയത് കാരണം അവർക്കറിയാം സംസ്ഥാന സർക്കാർ എൻഐഎയ്‌ക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുമെന്ന്. ഭീകരരെ സംരക്ഷിക്കാനാണ് മമതാ ബാനർജിയും കൂട്ടരും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് അവർ എപ്പോഴും ഭീകരരുമായി കൈകോർക്കുന്നതെന്ന് പ്രതിപക്ഷ സഖ്യം ഉത്തരം പറയണമെന്നും പൂനവല്ലെ പറഞ്ഞു.















