എറണാകുളം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയുമായി പിഡിപി. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ കൊച്ചിയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും നേതൃത്വം അറിയിച്ചു. തീരുമാനത്തിന് ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അംഗീകാരം നൽകി.
തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടിനെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പിഡിപി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. പിന്തുണയിൽ ഇടതുമുന്നണിയുടെ നിലപാടാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ബിജെപിയെ വർഗീയതയുടെ പേരിൽ ഒറ്റപ്പെടുത്താൻ മത്സരിക്കുന്നവർ തീവ്ര വർഗീയ നിലപാട് പുലർത്തുന്നവരുടെ പിന്തുണ സ്വീകരിക്കുന്നതിനെ ബിജെപി ശക്തമായി വിമർശിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിഡിപി എൽഡിഎഫിനെ പിന്തുണച്ചിരുന്നു.