തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ (സിപിഒ) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് റദ്ദായ അവസ്ഥ തികച്ചും ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. സെക്രട്ടറിയേറ്റിന് മുൻപിൽ മാസങ്ങളായി ഉദ്യോഗാർത്ഥികൾ സമരം നടത്തിവന്നിട്ടും നിയമനം നൽകാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല. കാലാവധി കഴിഞ്ഞതോടെയാണ് ഇന്ന് റാങ്ക് ലിസ്റ്റ് റദ്ദായത്.
കേന്ദ്രമന്ത്രിയെ കാണാൻ ഉദ്യോഗാർത്ഥികൾ പരാതിയുമായി എത്തിയപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. എഴുത്ത് പരീക്ഷയും കായിക ക്ഷമതയുമടക്കമുള്ള കടമ്പകൾ കടന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നിയമനം പൂർത്തിയാക്കാതെ റാങ്ക്ലിസ്റ്റ് റദ്ദായിപ്പോയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനും യുവജനങ്ങളോട് പുലർത്തുന്ന ശത്രുതാ മനോഭാവത്തിനുമുള്ള മറ്റൊരുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം മുഖ്യമന്ത്രി പിണറായി വിജയന് താൻ കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് ഇതുവരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കേരളത്തിലിപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കു പോലും നിയമനം ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാവുന്നതല്ല. സിദ്ധാർത്ഥിനെപ്പോലെ സമർത്ഥരായ യുവാക്കളെ ഒരു വശത്ത് കൊല്ലാക്കൊല ചെയ്ത് നശിപ്പിച്ച് സംസ്ഥാനത്തെ യുവാക്കളുടെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്‌ത്തുന്നത് ഒരു സർക്കാരിനും അനുയോജ്യമല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക പുന:സ്ഥാപിച്ച് കാലാവധി നീട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.