തിരുവനന്തപുരം: മാസപ്പടി കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാക്കേണ്ടത് സിഎംആർഎൽ എംഡി ഉൾപ്പെടെ നാലുപേർ. സിഎംആർഎല്ലിന്റെ സിഎഫ്ഒ കെ.എസ് സുരേഷ് കുമാർ, മാനേജർ എൻ.സി ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫീസർ അഞ്ജു, എം.ഡി ശശിധരൻ കർത്ത എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഇവരോട് കമ്പനിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ ഇഡിക്ക് കത്തയച്ചിരുന്നു. ഈ കത്ത് ഇഡി തള്ളുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു.
എം.ഡി ശശിധരൻ കർത്തയോട് ഹൈക്കോടതി തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇഡി സമൻസിലെ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ. നൽകാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലുഷ്യൻസിന് 1.72 കോടി നൽകിയെന്നാണ് കേസ്.