തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് നടനും തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി വളരെയധികം സഹായിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ. അബ്ദുൾ റഹീമിന്റെ മോചനത്തിന് ആവശ്യമായ പണം ഇന്നലെ സ്വരൂപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ബോബി ചെമ്മണ്ണൂർ ആയിരുന്നു ധനസമാഹരണത്തിന് മുൻകൈയ്യെടുത്തത്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുമൊത്ത് ഒരു വേദി പങ്കിടുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അദ്ദേഹത്തിന്റെ സഹായം തേടിയത്. വേദിയിൽ വെച്ചു തന്നെ അബ്ദുൾ റഹീമിന്റെ പാസ്‌പോർട്ട് നമ്പരും കേസിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞ സുരേഷ് ഗോപി വിഷയം വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി.
വിവരം പറഞ്ഞപ്പോൾ തന്നെ അംബാസഡർമാരെ വിളിക്കാനുളള കാര്യങ്ങൾക്കായി സുരേഷ് ഗോപി ശ്രമിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. പറ്റാവുന്ന എല്ലാ കാര്യങ്ങളും അതിന് വേണ്ടി ചെയ്ത് തരാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയമായി സംസാരിക്കാമെന്നും അല്ലെങ്കിൽ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കാമെന്നും സുരേഷ് ഗോപി വേദിയിൽ വച്ച് തന്നെ ഉറപ്പ് നൽകിയിരുന്നു.
18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനാണ് സുമനസുകളായ ആളുകൾ ഒരുമിച്ച് ക്രൗഡ് ഫണ്ടിംഗിലൂടെ പണം സ്വരൂപിച്ചത്. വിഷയത്തിൽ ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പുപറഞ്ഞതിന് പിന്നാലെ ഇത് വാർത്തയാകുകയും ചെയ്തു. ഇതോടെ കൂടുതൽ പേർ സഹായവുമായി രംഗത്തെത്തി.
2006 ൽ സൗദിയിൽ ഡ്രൈവറായി ജോലി നോക്കുന്നതിനിടെ സംഭവിച്ച ദാരുണ സംഭവത്തിന്റെ പേരിലായിരുന്നു അബ്ദുൾ റഹീം ജയിലിലായത്. വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതിന്റെ പേരിലായിരുന്നു നടപടി. അബ്ദുൾ റഹീമിന്റെ മോചനം സാദ്ധ്യമാകണമെങ്കിൽ ദയാധനമായി 34 കോടി രൂപ നൽകണമായിരുന്നു. ഈ തുകയാണ് സമാഹരിച്ചത്. ഇന്ത്യൻ എംബസി വഴി സൗദിയിലെ കുടുംബത്തിന് ഈ തുക ഉടൻ കൈമാറും. വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പണം സമാഹരിച്ചത്.















