ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനത്തിനുള്ള ലൈസൻസ് ഉടൻ ലഭിച്ചേക്കും. മസ്‌കിന്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിക്ക് ലൈസൻസ് നൽകാനുള്ള നടപടികൾ ടെലികോം വകുപ്പ് ത്വരിതപ്പെടുത്തിയത് . സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും എന്നാണ് സൂചന .
അടുത്ത 10 ദിവസത്തിനുള്ളിൽ കമ്പനിക്ക് ലൈസൻസ് ലഭിക്കുമെന്നാണ് റിപ്പോർട്ട് . 2022 ഒക്ടോബറിലാണ് കമ്പനി ലൈസൻസിനായി അപേക്ഷിച്ചത്. കമ്പനിക്ക് സർക്കാർ ഇതുവരെ ലൈസൻസ് നൽകിയിരുന്നില്ല. മുമ്പും സർക്കാരും കമ്പനിയും തമ്മിൽ പലവട്ടം ചർച്ചകൾ നടന്നിട്ടുണ്ട്. അടുത്തയാഴ്ച കമ്പനിക്ക് സർക്കാർ കത്ത് നൽകിയേക്കുമെന്നാണ് സൂചന. ആദ്യം ട്രയൽ എന്ന നിലയിൽ കമ്പനിക്ക് മൂന്ന് മാസത്തേക്ക് സ്പെക്ട്രം നൽകും.
നിലവിൽ, എയർടെൽ , ജിയോ , വോഡഫോൺ ഐഡിയ, ടാറ്റ കമ്മ്യൂണിക്കേഷൻ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ വരവ് .