ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കിയതായി റിപ്പോർട്ട്. ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ലണ്ടനിലേയ്‌ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഇറാൻ വ്യോമാതിർത്തി ഒഴിവാക്കാൻ കൂടുതൽ ദൂരം സഞ്ചരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യൂറോപ്പിലേക്കുള്ള വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്താൻ 45 മിനിറ്റ് വരെ അധികം പറന്നതായാണ് വിവരം. എന്നാൽ മിഡിൽ ഈസ്റ്റിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളെ ഇത് ബാധിക്കില്ല.
ഏപ്രിൽ ഒന്നിന് ദമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു
കഴിഞ്ഞ ദിവസം ഇറാനിലേക്കും ഇസ്രായിലേക്കമുള്ള യാത്രയ്‌ക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഇരുരാജ്യങ്ങളിലുമുള്ള
ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.















