ന്യൂഡൽഹി: ആംആദ്മി പാർട്ടിയ്‌ക്ക് 25 കോടി നൽകാൻ അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ നിർബന്ധിച്ചത് ബിആർഎസ് നേതാവ് കെ കവിത. കേസിൽ അറസ്റ്റിലായ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ ആവശ്യം ശരിവച്ച കോടതി ഈ മാസം15 വരെ കവിതയെ കസ്റ്റഡിയിൽ വിട്ടു.
തനിക്ക് ഡൽഹി സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് പോളിസി പ്രകാരം രാജ്യ തലസ്ഥാനത്ത് മദ്യ വ്യാപാരം നടത്താൻ സഹായിക്കാമെന്നും കവിത ശരത് റെഡ്ഡിയെ ധരിപ്പിച്ചു. തനിക്ക് പിന്തുണ നൽകിയില്ലെങ്കിൽ തെലങ്കാനയിലെയും ഡൽഹിയിലെയും ബിസിനസുകളെ ഇത് ബാധിക്കുമെന്നും കവിത റെഡ്ഡിയോട് പറഞ്ഞു.
മൊത്ത വ്യാപാരത്തിന് 25 കോടിയും ഓരോ റീട്ടെയിൽ മേഖലയിലും 5 കോടി രൂപ വീതവും ആം ആദ്മി പാർട്ടിക്ക് നൽകണമെന്നാണ് കവിത ആവശ്യപ്പെട്ടത്. കവിതയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശരത് റെഡ്ഡി അഴിമതിയിൽ പങ്കാളിയായതെന്നും സിബിഐ കോടതിയെ അറിയിച്ചു. ശരത് റെഡ്ഡി കേസിൽ മാപ്പുസാക്ഷിയായിരുന്നു.
കവിതയുടെ സഹായികളായ അരുൺ ആർ പിളളയ്‌ക്കും അഭിഷേക് ബോയിൻപളളിക്കുമാണ് തുക കൈമാറാൻ നിർദ്ദേശിച്ചത്. കെജ് രിവാളിനെ പ്രതിനിധീകരിക്കുന്ന വിജയ് നായരുമായി ഇവർ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുമെന്നും കവിത പറഞ്ഞതായി സിബിഐ പറയുന്നു.
മാർച്ചിൽ ഇഡി അറസ്റ്റ് ചെയ്ത കവിതയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തെളിവുകൾ ഉണ്ടായിട്ടുപോലും ചോദ്യങ്ങൾക്ക് കവിത കൃത്യമായ മറുപടി നൽകുന്നില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി.
2021 മാർച്ചിലും മെയിലുമായി കവിതയുടെ സഹായികളായ അരുൺ ആർ പിളള, അഭിഷേക് ബോയിൻപളളി, ബുച്ചിബാബു ഗോരാന്ത്ല എന്നിവർ ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ താമസിച്ചാണ് കെജ് രിവാൾ സർക്കാരിന്റെ മദ്യനയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുളള നീക്കങ്ങൾ നടത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടി.
കവിതയുടെ സഹായം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇവരുടെ ഉടമസ്ഥതയിലുളള എൻജിഒ തെലങ്കാന ജാഗ്രുതിയിലേക്ക് റെഡ്ഡിയുടെ ഉടമസ്ഥതയിലുളള അരബിന്ദോ റിയാൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് 80 ലക്ഷം രൂപ നൽകി.
ജൂൺ, ജൂലൈ മാസങ്ങളിൽ തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ കൃഷി ഭൂമി വാങ്ങാൻ താനുമായി വിൽപന കരാറിൽ ഒപ്പിടാൻ കവിത ശരത് ചന്ദ്ര റെഡ്ഡിയെ നിർബന്ധിച്ചു. താൽപര്യം ഇല്ലായിരുന്നെങ്കിലും റെഡ്ഡിയെ കവതി നിർബന്ധിച്ച് കരാറിൽ ഒപ്പിടുവിച്ചു. 14 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിമുഖത പ്രകടിപ്പിച്ചതോടെ ആയിരുന്നു ബിസിനസ് തകർക്കുമെന്ന ഭീഷണി മുഴക്കിയത്.















