കുർണൂൽ ; ഒരിയ്‌ക്കൽ ശൈശവ വിവാഹത്തിൽ കുരുങ്ങി തന്റെ സ്വപ്നങ്ങൾ നഷ്ടപ്പെടുമെന്ന് കണ്ണീരൊഴുക്കിയ നിർമ്മല തന്റെ സ്വപ്നങ്ങൾ നേടിയെടുത്ത സന്തോഷത്തിലാണ് . കുർണൂൽ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം സ്വദേശിയായ നിർമ്മല ആന്ധ്രാപ്രദേശിലെ ഈ വർഷത്തെ ഇൻ്റർമീഡിയറ്റ് പരീക്ഷകളിലെ ടോപ്പ് സ്‌കോററാണ് . 440ൽ 421 മാർക്ക് നേടിയാണ് നിർമ്മല ഒന്നാമതെത്തിയത് .
കഴിഞ്ഞ വർഷം എസ്എസ്‌സി പരീക്ഷയിൽ 537 മാർക്ക് നേടിയാണ് നിർമ്മല വിജയിച്ചത് . എന്നാൽ മറ്റ് മൂന്ന് പെൺമക്കളെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ, നിർമലയെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു .വിദ്യാഭ്യാസത്തിന് ഇനി പണം നൽകാനാവില്ലെന്നും അടുത്ത് ഒരു ജൂനിയർ കോളേജ് ഇല്ലെന്നതുമാണ് കാരണമായി മാതാപിതാക്കൾ പറഞ്ഞത് . നിർമ്മലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നത് തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നും മാതാപിതാക്കൾ പറഞ്ഞു.
എന്നാൽ ജീവിതത്തിൽ തന്റെ ലക്ഷ്യങ്ങൾ നേടണമെന്നതിൽ ഉറച്ചുനിന്ന നിർമ്മല, എം എൽ എ ആയ വൈ സായിപ്രസാദ് റെഡ്ഡിയെ തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സമീപിച്ചു . പെൺകുട്ടിയുടെ ദുരവസ്ഥ എം.എൽ.എ ജില്ലാ കളക്ടർ ജി.സൃജനയെ വിവരം അറിയിക്കുകയും കളക്ടർ ഇടപെട്ട് ശൈശവ വിവാഹത്തിൽ നിന്ന് നിർമലയെ രക്ഷപ്പെടുത്തുകയും ചെയ്തു.
ജില്ലാ ഭരണകൂടം പിന്നീട് നിർമ്മലയെ ആസ്‌പരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ ചേർത്തു പഠിപ്പിച്ചു . എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യപൂർവം നേരിട്ട നിർമ്മല ഇന്ന് സംസ്ഥാനത്തിനാകെ അഭിമാനമാകുകയും ചെയ്തു . ഐപിഎസ് ഓഫീസറാകാനും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാനും തന്നെപ്പോലുള്ള പെൺകുട്ടികളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് നിർമ്മല പറയുന്നു .















