ചെന്നൈ: നടൻ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിയമ പോരാട്ടം നടത്തിയ ദമ്പതിമാരായിരുന്നു കതിരേശനും മീനാക്ഷിയും. ഇതിൽ ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ(70) മരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മധുരൈ രാജാജി ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.
മധുരൈ മലംപട്ടി സ്വദേശികളാണ് കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും 11-ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നാടുവിട്ട് പോയതാണെന്നുമായിരുന്നു ഇവരുടെ വാദം. കേസ് കോടതിയിൽ എത്തിയതോടെ തങ്ങൾക്ക് മാസം 65,000 രൂപ നഷ്ട പരിഹാരം നൽകണം എന്ന് ദമ്പതികൾ ആവശ്യപ്പെട്ടു.
കേസിൽ ഒന്നിലേറെ പ്രാവശ്യം ധനുഷിന് അനുകൂലമായി കോടതി വിധി വന്നിരുന്നു. എന്നാൽ ദമ്പതികൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് കോടതിയെ സമീപിച്ചതെന്ന് തെളിഞ്ഞിരുന്നു. കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കളെന്നും കോടതിയ്‌ക്ക് ബോധ്യമാവുകയും ചെയ്തിരുന്നു.
എന്നാൽ പിന്നോട്ടില്ലെന്ന് അറിയിച്ച് ദമ്പതികൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് കതിരേശന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലായതും മരണം സംഭവിച്ചതും.















