ഷിംല: പ്രളയത്തിൽ ഹിമാചൽപ്രദേശിന് കേന്ദ്രസർക്കാർ അനുവദിച്ച ധനസഹായം കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തെന്ന് നടിയും മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. 1800 കോടി രൂപയാണ് കഴിഞ്ഞ പ്രളയത്തിൽ ധനസഹായമായി കേന്ദ്രസർക്കാർ അനുവദിച്ചത്. ആ പണം കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ചെന്നും കങ്കണ പറഞ്ഞു.
കേന്ദ്ര പദ്ധതികളിൽ നിന്നുള്ള പണം ഹിമാചൽപ്രദേശിലെ ജനങ്ങളിലേക്കെത്തുന്നില്ല. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങൾ പുരോഗതി കൈവരിക്കുമ്പോൾ ഹിമാചൽ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോയെന്നും കങ്കണ ചോദിച്ചു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകും, യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, താങ്ങുവില ഏർപ്പെടുത്തുമെന്ന് പറഞ്ഞു ഇതൊന്നും നടപ്പായില്ല. കോൺഗ്രസിന്റെ ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കങ്കണ കൂട്ടിച്ചേർത്തു.
ഹിമാചൽപ്രദേശിൽ വീണ്ടും വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതവരുടെ പഴയന്ത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പമാണ് ജനങ്ങൾ സഞ്ചരിക്കേണ്ടത്. സ്ത്രീവിരുദ്ധ, ഹൈന്ദവ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസിനെ ഹിമാചൽപ്രദേശിൽ നിന്ന് ഇല്ലാതാക്കണമെന്നും കങ്കണ ജനങ്ങളോട് അഭ്യർത്ഥിച്ചു.
്ഹിമാചലിലെ ഒഴിവുവന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.















