തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേരുന്നുവെന്നും ശോഭന പറഞ്ഞു. ഇന്ന് നെയ്യാറ്റിൻകരയിൽ നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലും ശോഭന പങ്കെടുക്കും. നാളെ കാട്ടാക്കടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും വേദി പങ്കിടുമെന്നും ശോഭന കൂട്ടിച്ചേർത്തു.
ശോഭനയുടെ വരവിനും ഐക്യദാർഢ്യത്തിനും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു. ശോഭനയ്‌ക്ക് രാജീവ് ചന്ദ്രശേഖർ വിഷു കൈനീട്ടം സമ്മാനിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് താൻ കേരളത്തിൽ വിഷു ആഘോഷിക്കുന്നതെന്നും മലയാളികൾക്ക് വിഷു ആശംസ നേരുന്നതായും ശോഭന കൂട്ടിച്ചേർത്തു.
താൻ ഇപ്പോൾ നടി മാത്രമാണെന്നും ബാക്കിയെല്ലാം പിന്നീടാണെന്നും രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ശോഭന മറുപടി നൽകി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും അവർ പറഞ്ഞു.















