ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്ഗണേഷ്. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണിയും ആർഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം കൂടിയാണിത്. വിഷു റിലീസായെത്തിയ സിനിമ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടങ്ങി മുന്നേറുന്നതിനിടെ സഹപ്രവർത്തകയ്ക്ക് നന്ദിയറിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം മഹിമയെ പ്രശംസിക്കുകയും നന്ദിയറിയിക്കുകയും ചെയ്തത്. ജയ്ഗണേഷിലെ നിധി എന്ന കഥാപാത്രത്തിന് വേണ്ടി മഹിമ സ്വീകരിച്ച പ്രയത്നത്തെ നടൻ അഭിനന്ദിച്ചു. കൂടെ നിന്നതിനും ജയ്ഗണേഷിന്റെ ഭാഗമായതിനും ഹൃദയത്തിൽ നിന്നും നന്ദിയറിയിക്കുന്നുവെന്നും സ്ക്രീൻ സ്പേസ് പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഏഴ് വർഷങ്ങൾക്ക് മുമ്പ് മഹിമയെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്ത വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. ഇക്കാര്യം അഭിമുഖത്തിലൂടെയായിരുന്നു മഹിമ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് മഹിമ അയച്ച വോയ്സ്-നോട്ടായിരുന്നു ‘ബ്ലോക്കിന്’ കാരണം. മഹിമയെ ഒരു അഹങ്കാരിയായി കണക്കാക്കിയ ഉണ്ണി, വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് ജയ്ഗണേഷിന് മുന്നോടിയായാണ് ബ്ലോക്ക് ലിസ്റ്റിൽ നിന്ന് മാറ്റിയതെന്നും ഇരുവരും വെളിപ്പെടുത്തി. ജയ്ഗണേഷിലൂടെ ഇരുവരുടെയും സൗഹൃദവും ദൃഢമായിരുന്നു.