ജയ്ഗണേഷ് സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി മഹിമ നമ്പ്യാർ. ഈ സിനിമ തന്റെ ആഗ്രഹപ്രകാരമാണ് തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു. ഓഡിഷൻ കഴിഞ്ഞതിന് ശേഷമാണ് സംവിധായകൻ രഞ്ജിത് ശങ്കറിനെ നേരിട്ട് കണ്ടതെന്നും താരം പറഞ്ഞു. ജനം ടിവിയുടെ വിഷു സ്പെഷ്യൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാർ.
‘സിനിമ ചെയ്യുന്നതിനായി എന്നെ ആദ്യം വിളിച്ചത് രഞ്ജിത്ത് സാർ ആയിരുന്നു. ആദ്യം സംസാരിക്കുന്ന സമയത്ത് ഉണ്ണിയായിരുന്നു ഹീറോ എന്ന കാര്യവും എനിക്ക് അറിയില്ലായിരുന്നു. ആർഡിഎക്സ് ചെയ്ത് കഴിഞ്ഞ സമയത്താണ് ഈ സ്ക്രിപ്റ്റിനെക്കുറിച്ചൊക്കെ പറഞ്ഞത്. പ്രോജക്ടുമായി മുമ്പോട്ട് പോകുന്ന സമയത്ത് രഞ്ജിത്ത് സാർ എന്നോട് പറഞ്ഞിരുന്നു ഒരു ഓഡിഷൻ വേണമെന്ന്. കാരണം, ഞാൻ ഈ ക്യാരക്ടർ എങ്ങനെ ചെയ്യുമെന്ന് ആൾക്ക് സംശയം ഉണ്ടായിരുന്നു.
സീൻ തന്ന്, അത് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തതിന് ശേഷമായിരുന്നു ഞങ്ങൾ നേരിട്ട് കണ്ടത്. ഭയങ്കര സെൻസിബിൾ ആയ ഫിലിം മേക്കറാണ് രഞ്ജിത്ത് സാർ. പിന്നെ, സാറിന്റെ സിനിമയിലെ സ്ത്രീ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ടാകും. അതുകൊണ്ട്, എന്റെ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു സിനിമ ചെയ്യണമെന്നത്. ജയ് ഗണേഷിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’- മഹിമ നമ്പ്യാർ പറഞ്ഞു.