ശ്രീനഗർ : ഒരു കാലത്ത് തങ്ങൾക്കെതിരെ നിലയുറപ്പിച്ച മുസ്ലീം വിശ്വാസികൾക്ക് മുന്നിൽ ഇന്ന് സഹായഹസ്തവുമായി കശ്മീരി പണ്ഡിറ്റുകൾ . വസന്ത്കുഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ ഗുരുതര നിലയിൽ ചികിത്സയിലുള്ള കശ്മീരി മുസ്ലീമിന് രക്തം നൽകാനാണ് സഞ്ജയ് സപ്രുവും സുനിൽ കൗളും ഡൽഹിയിൽ എത്തിയത് .
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ രോഗിയ്‌ക്ക് അടിയന്തരമായി രക്തം ആവശ്യമായിരുന്നു.രോഗിയുടെ സഹോദരൻ മൻസൂർ അലി ഖാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “എക്‌സ്” ലൂടെ സഹായം തേടി . തുടർന്നാണ് സപ്രുവും കൗളും ഗുഡ്ഗാവിലെ വീട്ടിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് എത്തിയത് . പോസ്റ്റ് കണ്ടയുടൻ തങ്ങൾ സഹായിക്കാമെന്ന് വിളിച്ചറിയിക്കുകയായിരുന്നുവെന്നും , സുഹൃത്തുമൊത്ത് ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും സഞ്ജയ് സപ്രു പറഞ്ഞു.
ഇതാദ്യമായല്ല ഇരുവരും ഇത്തരത്തിൽ സഹായവുമായി എത്തുന്നത്. ഡൽഹിയിലെ നാരായണ ഹോസ്പിറ്റലിൽ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ രണ്ട് വയസ്സുകാരിക്ക് അവർ മുമ്പ് രക്തം ദാനം ചെയ്തിട്ടുണ്ട്. കശ്മീരിൽ പണ്ഡിറ്റ് സമൂഹം നേരിട്ട വെല്ലുവിളികളും ഈ മേഖലയിലെ സംഘർഷവും ഓർമ്മകളും ഉണ്ടായിരുന്നിട്ടും, സഹായവുമായി ഓടിയെത്തിയ ഇരുവരെയും സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസിച്ചത് .