തൃശൂർ:തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം. ആനയുടെ 50 മീറ്റർ ചുറ്റളവിൽ ജനങ്ങൾ നിൽക്കരുത് എന്ന നിയന്ത്രണമാണ് മാറ്റിയത്. വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവിലാണ് മാറ്റം കൊണ്ടുവന്നത്. നിയന്ത്രണത്തിൽ മാറ്റം കൊണ്ടുവന്ന കാര്യം വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കും. ആനകൾ അസ്വസ്ഥരാകുന്ന തരത്തിൽ ജനങ്ങൾ നിൽക്കരുതെന്നാണ് നിലവിലെ നിർദേശം.
തൃശൂർ പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവിനെതിരെ പൂരപ്രേമികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ആനയുടെ 50 മീറ്റർ ചുറ്റളവിൽ ആളുകളും മേളങ്ങളും ഉണ്ടാകരുതെന്നും ഉത്തരവിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വവും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.
ആനയുടെ സമീപത്ത് താളമേളം, തീവെട്ടി എന്നിവ ഉണ്ടാകരുതെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ജനങ്ങൾ നിൽക്കാവൂ, ആനകളുടെ ചുറ്റും പൊലീസും വോളന്റിയർമാരും ചേർന്ന് സുരക്ഷാ വലയങ്ങളുണ്ടാക്കണം, ചൂട് കുറയ്‌ക്കുന്നതിനായി ആനകളുടെ ദേഹത്ത് ഇടക്കിടെ വെള്ളമൊഴിക്കണം എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.















