ഡെറാഡൂൺ: ചാർ ധാം തീർത്ഥയാത്രക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പാണ് ചാർ ധാം യാത്രക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി അറിയിച്ചത്. തീർഥാടകർക്ക് ഇന്ന് മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് ക്ഷേത്രങ്ങളാണ് ചാർ ധാം തീർത്ഥാടനത്തിൽ ഉൾപ്പെടുന്നത്. മെയ് 10 ന് ചാർ ധാം യാത്ര ആരംഭിക്കും. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ അന്നേദിവസവും ബദരീനാഥിൽ മെയ് 12 നും തീർത്ഥാടനം ആരംഭിക്കും. ഏപ്രിൽ/മെയ് മുതൽ ഒക്ടോബർ/നവംബർ വരെയാണ് ചാർ ധാം തീർത്ഥാടനം.
സമുദ്രനിരപ്പിൽ നിന്നും ഉയർന്ന് ഹിമാലയൻ മലനിരകളിലുളള തീർത്ഥാടന കേന്ദ്രങ്ങളാണിത്. എല്ലാ വർഷവും വേനൽക്കാലത്ത് (ഏപ്രിൽ/ മെയ് മാസങ്ങളിൽ) തുറക്കുകയും ശൈത്യകാലത്തിന്റെ ആരംഭത്തോടെ (ഒക്ടോബർ / നവംബർ മാസങ്ങളിൽ ) അടയ്ക്കുകയും ചെയ്യും. ഏകദേശം ആറ് മാസത്തോളം ക്ഷേത്ര നടകൾ അടച്ചിടും.
വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് ചാർധാം യാത്രയ്ക്കായി തീർത്ഥാടകരെ കയറ്റി വിടുന്നത്. സൈനികരെ ഉൾപ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ഹിമപാതം ഉൾപ്പെടെയുളള അപകട സാധ്യതകൾ നേരിടുന്നതിനുളള വിപുലമായ തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തുന്നത്.
ചാർ ധാം യാത്രയ്ക്ക് ഹിന്ദുവിശ്വാസികൾക്കിടയിൽ വലിയ പ്രാധാന്യമുണ്ട്. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലൂടെ കേദാർനാഥിലേക്ക് പോയി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ചാർ ധാം തീർത്ഥാടനം















