ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിത ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയിൽ. തെളിവുകൾക്ക് വിരുദ്ധമായാണ് കവിത മൊഴി നൽകുന്നതെന്നും ബോധപൂർവം ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഭൂമിയിടപാടിന്റെ മറവിൽ ശരത് ചന്ദ്ര റെഡ്ഡിയുടെ കമ്പനിയിൽ നിന്ന് കവിത 14 കോടി രൂപ കൈപ്പറ്റിയതിന് കൃത്യമായ മറുപടി പറഞ്ഞിട്ടില്ലെന്നും കേസിലെ പ്രതിയായ വിജയ് നായരുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടില്ലെന്നും സിബിഐ അറിയിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കേസന്വേഷണം നിർണായക ഘട്ടത്തിലേക്കാണെന്നും സിബിഐ വ്യക്തമാക്കി. മദ്യനയ കുംഭകോണ കേസിൽ ഈ മാസം 23 വരെയാണ് കവിതയെ ജുഡൂഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായത്.
മാര്‍ച്ച് 15-നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി കവിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം അടുത്തിടെ സിബിഐ ഉദ്യോഗസ്ഥര്‍ കവിതയെ ജയിലില്‍ എത്തി ചോദ്യം ചെയ്തിരുന്നു.