ഭുവനേശ്വർ: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനത്തിനു നഷ്ടപരിഹാരമായി പ്രതിമാസം 15000 രൂപ നൽകണമെന്ന് ഒഡീഷയിലെ മത്സ്യത്തൊഴിലാളികൾ. ഒഡീഷയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ട (OTFWU ) കീഴിലുള്ള മത്സ്യത്തൊഴിലാളികളാണ് ആവശ്യവുമായി മുന്നോട്ട് വന്നത്. തിങ്കളാഴ്ച മുതൽ രണ്ടുമാസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്.
മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒന്നര ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ട്രോളിംഗ് നിരോധനം ഇവരെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന് ഒടിഎഫ്ഡബ്ല്യുയു (OTFWU ) ജനറൽ സെക്രട്ടറി കെ അല്ലേയ പറഞ്ഞു. തങ്ങളുടെ ഉപജീവനമാർഗം ആണ് ഇതിലൂടെ ഇല്ലാതാകുന്നത്, അതിനാൽ ഒരു കുടുംബത്തിനു 15,000 രൂപ പ്രതിമാസം നൽകണം.
മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും കാര്യക്ഷമമായ പരിപാലനത്തിനുമായി ഒഡീഷയുടെ മുഴുവൻ തീരപ്രദേശത്തും ഏപ്രിൽ 15 മുതൽ ജൂൺ 14 വരെയാണ് മത്സ്യബന്ധന നിരോധനം നിലവിൽ വരുന്നത്. മത്സ്യബന്ധന നിരോധനം 61 ദിവസമാണ്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ, വലിയ കപ്പലുകൾ, ട്രോളറുകൾ എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ കടലിൽ മത്സ്യബന്ധനത്തിന് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.















