തൃശൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിൽ തൃശൂർ സ്വദേശിനിയുണ്ടെന്ന് സൂചന. വെളുത്തൂരിലെ ആന്റസ ജോസഫാണ് (21) കപ്പലിൽ കുടുങ്ങിയ നാലാമത്തെ ആൾ. പരിശീലത്തിന്റെ ഭാഗമായി ഒൻപത് മാസമായി മകൾ കപ്പലിലുണ്ടെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മകളുടെ പേരില്ല.
ഇത് വലിയ ദുഃഖം ഉണ്ടാക്കി. കപ്പലിലുള്ള 17 പേരെയും കാണാനുള്ള അനുവാദം ഇന്ത്യൻ അധികൃതർക്ക് ഇറാനിയൻ സർക്കാർ നൽകിയെന്ന വാർത്ത വലിയ ആശ്വാസം നൽകുന്നുണ്ടെന്നും ബിജു എബ്രഹാം കൂട്ടിച്ചേർത്തു.
ഏപ്രിൽ 13 നാണ് ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർഗോ ഷിപ്പ് ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മലയാളികൾ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. അതിനിടയിലാണ് ആന്റസ ജോസഫും ഇതേ കപ്പലിലാണെന്ന സൂചന കുടുംബത്തിന് ലഭിച്ചത്.
റാഞ്ചിയ വിവരം പുറത്ത് വന്നതോടെ ഇന്ത്യക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇതിന് പിന്നാലെയാണ് കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ എംബസി ഉദ്യോഗസ്ഥർക്ക് ഇറാൻ അനുവാദം നൽകിയത്.