തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ വീണ്ടും പിണങ്ങി മൈക്ക്. രാവിലെ തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആണ് മൈക്ക് വീണ്ടും പിണങ്ങിയത്.
വാർത്താസമ്മേളനം തുടങ്ങിയതിന് പിന്നാലെയാണ് മൈക്കിന്റെ ശബ്ദം പോയ വിവരം മുഖ്യമന്ത്രിക്ക് മനസിലാകുന്നത്. മൈക്കിൽ തട്ടി നോക്കിയിട്ടും ശബ്ദം പുറത്തുവരുന്നില്ല. പിന്നെ മേശപ്പുറത്തിരുന്ന ചാനൽ മൈക്കുകളുടെ കൂട്ടത്തിൽ ഇരുന്ന മൈക്കിൽ തട്ടി നോക്കി പൊതുവായ പ്രശ്‌നമല്ലെന്ന് മനസിലാക്കി. ഇതിങ്ങനെ കാഴ്ചയ്‌ക്ക് വെച്ചതാണോ എന്ന് ആത്മഗതം.
ഞാൻ വന്ന് ഇരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷൻ നടക്കുക, നിങ്ങൾക്ക് ഒരു വാർത്തയായല്ലോ എന്ന് പറഞ്ഞ് അന്തരീക്ഷം തമാശയാക്കാനും മുഖ്യമന്ത്രി ശ്രമിച്ചു. ഇതിപ്പോ വാർത്തയല്ലെന്ന ഒരു മാദ്ധ്യമപ്രവർത്തകന്റെ മറുപടി ആസ്വദിച്ച് ചിരിക്കുന്നതും കാണാമായിരുന്നു. ഇതിന് ശേഷമാണ് ഓപ്പറേറ്റർ വന്ന് മൈക്ക് ശരിയാക്കാൻ ശ്രമിച്ചത്.
അടുപ്പിച്ച് ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന് തകരാർ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ മൈക്ക് സ്റ്റാൻഡ് സഹിതം ഊരി വന്നിരുന്നു.