തിരുവനന്തപുരം: സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കൽ ഫോമിൽ മതമേതെന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ വിമർശനം. അപേക്ഷിതാവ് മുസ്ലീമാണോ അതോ ക്രിസ്ത്യൻ ആണോയെന്ന് പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് ഫോമിൽ ആവശ്യപ്പെടുന്നത്. 2024ലെ മെമ്പർഷിപ്പ് പുതുക്കൽ ഫോറത്തിലാണ് വിവാദ ചോദ്യം. സിപിഎമ്മിന്റെ പാർട്ടി അംഗത്വം പുതുക്കണമെങ്കിൽ മതം രേഖപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
18 ചോദ്യങ്ങളടങ്ങുന്ന ഫോമിൽ അവസാനമാണ് മതം രേഖപ്പെടുത്തേണ്ട ചോദ്യം. മതേതരത്വ മൂല്യങ്ങൾക്കെതിരെ വാതോരാതെ പ്രസംഗിക്കുകയും മതനിരപേക്ഷ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുന്ന സിപിഎമ്മാണ്, പാർട്ടി അംഗത്വം പുതുക്കാൻ മതം ചോദിച്ചത് എന്നുള്ളതാണ് വിമർശങ്ങൾക്കും വിവാദത്തിനും കാരണമായത്.
മെമ്പർഷിപ്പ് എടുക്കുന്നതിന് മതം വെളിപ്പെടുത്തണമെന്നത് അത്യന്താപേക്ഷിതമല്ലാതിരിക്കെ മതം ചോദിക്കാൻ പ്രത്യേക കോളം തന്നെ ഏർപ്പെടുത്തിയെന്നത് പാർട്ടിയുടെ ഇരട്ട നിലപാടാണ് സൂചിപ്പിക്കുന്നതെന്നാണ് ആക്ഷേപം. അപേക്ഷാഫോമുകളിൽ മതം രേഖപ്പെടുത്തുന്നതിനെതിരെ ഏറ്റവുമധികം വിമർശനം രേഖപ്പെടുത്തിയിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നിരിക്കെ ഒടുവിൽ പാർട്ടി തന്നെ മതം ചോദിച്ചുകൊണ്ടുള്ള ഫോം പൂരിപ്പിക്കാൻ നൽകിയെന്നത് പരിഹാസ്യ നടപടിയാണെന്നും ആക്ഷേപമുണ്ട്. എൽഡിഎഫ് കാലങ്ങളായി തുടരുന്ന മതപ്രീണന രാഷ്‌ട്രീയത്തിന്റെ മറ്റൊരു മുഖമാണ് മെമ്പർഷിപ്പ് ഫോറത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് വിമർശനം.