തിരുവനന്തപുരം: കരുവന്നൂർ കള്ളപ്പണക്കേസിൽ വീണ്ടും ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് കള്ളം പറഞ്ഞ് ശീലമില്ലെന്നും നടപ്പാക്കുന്ന വാഗ്ദാനങ്ങൾ മാത്രമാണ് തങ്ങൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങൾ.
ചുരുക്കം ചില സഹകരണ ബാങ്കുകളിൽ മാത്രമാണ് വഴിതെറ്റിയ കാര്യങ്ങൾ നടന്നത്. കേരളത്തിലെ സഹകരണമേഖലയെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എല്ലായിടത്തും വ്യക്തികളാണ് കാര്യങ്ങൾ ചെയ്യുന്നത്. ചിലയിടത്ത് തെറ്റായ കാര്യങ്ങൾ നടന്നു. എന്നാൽ നിക്ഷേപകർക്ക് 111 കോടിയോളം ഞങ്ങൾ തിരികെ നൽകി.
മാസപ്പടി വിവാദം സാധാരണ രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടുകൾ മാത്രമാണ്. അതിൽ ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കിൽ അത് നടക്കില്ല. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നില്ല എന്നത് ശുദ്ധ അസംബന്ധം. കൃത്യമായി ആദായനികുതി വകുപ്പിന് രേഖകൾ നൽകുന്നത് സിപിഎം ആണെന്ന് ആദായ നികുതി വകുപ്പ് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎം. ജനങ്ങളുടെ വിശ്വാസം നേടിയ മേഖലയാണ് കേരളത്തിലെ സഹകരണ മേഖല. ചില മനുഷ്യർ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനങ്ങൾ സ്വീകരിക്കുകയുണ്ടായി. അതിന്റെ ഭാഗമായാണ് വഴിവിട്ട തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.