എറണാകുളം: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സാക്ഷി മൊഴി അതിജീവിതയ്‌ക്ക് നൽകുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്‌ക്ക് നൽകരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്.
മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെ കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴിയുടെ പകർപ്പ് അതിജീവിതയ്‌ക്ക് നൽകാനുള്ള സിംഗിംൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ദിലീപ് ഹർജി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്‌ക്ക് സാക്ഷി മൊഴിയുടെ പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകനും ചോദ്യം ഉന്നയിച്ചിരുന്നു.