തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നപടിയെടുത്ത് ഗതാഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ജീവനക്കാർ കുടുങ്ങിയത്. മന്ത്രിയുടെ നിർദ്ദേശത്തിൽ ഏപ്രിൽ ഒന്നുമുതൽ വിജിലൻസ് സംഘം പരിശോധന ആരംഭിച്ചിരുന്നു. നടപടിക്ക് വിധേയരായവരിൽ സ്വിഫ്റ്റ് ജീവനക്കാരും ഉൾപ്പെടും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.
കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമായാണ് 100 കേസുകൾ റിപ്പോർട്ട് ചെയ്തത്. 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 താത്കാലിക മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർ, 9 താത്കാലിക കണ്ടക്ടർ,1 സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർ, 10 താത്കാലിക ഡ്രൈവർ, 5 സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് കുടുങ്ങിയത്. വനിത ജീവനക്കാർ ഒഴികെയുള്ളവർക്കാണ് പരിശോധന നടത്തിയത്.