സൂര്യ തിലകം നെറ്റിയിലണിഞ്ഞ് ബാലകരാമൻ; അത്യപൂർവ ദർശനപുണ്യം നേടി പതിനായിരങ്ങൾ രാമക്ഷേത്രത്തിൽ

Published by
Janam Web Desk

ലക്നൗ: രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് ബാലകരാമൻ. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു. കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റീ മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിച്ചത്.

ക്ഷേത്രത്തിന്റെ ശ്രീ കോവിലിലേക്ക് സൂര്യ രശ്മികൾ നേരിട്ട് പ്രവേശിക്കാത്തതിനാൽ കണ്ണാടികളിലൂടെയും ലെൻസിലൂടെയുമാണ് രാമന്റെ നെറ്റിയിലേക്ക് സൂര്യതിലകം എത്തിച്ചത് . റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും മറ്റൊരു സ്ഥാപനത്തിലെയും ശാസ്ത്രജ്ഞരുടെ സംഘമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിച്ചു. തുടർന്ന് അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് പതിച്ചു. ഇതിന് ശേഷമാണ് രാമന്റെ വി​ഗ്രഹത്തിലേക്ക് സൂര്യ കിരണങ്ങൾ പതിച്ചത്.

രാമനവമി ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് രാമജന്മഭൂമിയിൽ അനുഭവപ്പെടുന്നത്. തിന്മയുടെ മേൽ നന്മയുടെയും അനീതിയുടെ മേൽ നീതിയുടെയും വിജയത്തെ സൂചിപ്പിക്കുന്നതാണ് രാമനവമി ദിനം. രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

Share
Leave a Comment