ഇസ്ലാമാബാദ്: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘എക്സ്‘ (ട്വിറ്റർ) നിരോധിച്ച് പാകിസ്താൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്സ് താത്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്താൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് രാജ്യത്ത് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതായി പാകിസ്താൻ ഭരണകൂടം കോടതിയെ രേഖാമൂലം അറിയിച്ചു. പാക് സർക്കാർ നിഷ്കർഷിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് എക്സിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. എക്സിനെ പലരും ദുരുപയോഗം ചെയ്യുന്നതായും ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യത്തിലെത്തിയെന്നും സർക്കാർ അവകാശപ്പെട്ടു. നിർണായകമായ പല പ്രശ്നങ്ങളും രാജ്യത്ത് ഉടലെടുത്ത ഘട്ടത്തിൽ പാക് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ എക്സ് തയ്യാറായില്ലെന്നും ഭരണകൂടം കുറ്റപ്പെടുത്തി.
നേരത്തെ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കഴിയവെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ നടപടി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത് നടന്നത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു എക്സ് ഉപയോഗിക്കുന്നതിൽ ജനങ്ങൾക്ക് തടസം നേരിട്ട് തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.