കോയമ്പത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുത്ത് നടത്തുന്ന തമിഴ്‌നാട്ടിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും തമ്മിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കോയമ്പത്തൂരിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയും സംസ്‌ഥാന ബി.ജെ.പി അധ്യക്ഷനുമായ അണ്ണാമലൈ കുപ്പുസ്വാമി ബുധനാഴ്ച റോഡ് ഷോ നടത്തി.
കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശമായ കവുണ്ടംപാളയത്തിൽ നടന്ന ഷോയിൽ പ്രചാരണ വാഹനത്തിന്റെ മുകളിൽ നിന്ന് കൈവീശി കാണികളെ അഭിവാദ്യം ചെയ്താണ് അണ്ണാമലൈ വോട്ട് തേടിയത്. ബി. ജെ. പി യുടെ ശക്തമായ തട്ടകമായ കോയമ്പത്തൂരിൽ ഡിഎംകെ നേതാവ് ഗണപതി പി രാജ്കുമാറും എഐഎഡിഎംകെയുടെ സിങ്കൈ രാമചന്ദ്രനുമാണ് അണ്ണാമലൈയുടെ പ്രധാന എതിരാളികൾ.
നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി മോദി, അണ്ണാമലൈയെ വാനോളം പുകഴ്‌ത്തിയിരുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും 19 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ 4-ന് ആണ് വോട്ടെണ്ണൽ.
കോയമ്പത്തൂർ മണ്ഡലത്തിന് വേണ്ടി മാത്രം അണ്ണാമലൈ നേരത്തെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുളള പ്രകടന പത്രികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐ.ഐ.എം), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവയുടെ ഓഫീസുകൾ സ്ഥാപിക്കുമെന്ന് ഉൾപ്പെടെയുളള വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.