വർഷങ്ങളായി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാകുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂരാണ് പ്രഖ്യാപനം നടത്തിയത്. സംവിധായകൻ ബ്ലെസിയുമായി ഇക്കാര്യം സംസാരിച്ചെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ബ്ലെസിയുടെ സംവിധാനത്തിലെത്തിയ ആടുജീവിതം തിയേറ്ററിൽ വൻ ഹിറ്റായി മാറിയ വേളയിലാണ് മറ്റൊരു അതിജിവനത്തിന്റെ കഥയുമായി ബോബി ചെമ്മണ്ണൂർ ബ്ലെസിയെ സമീപിച്ചിരിക്കുന്നത്. നല്ലൊരു ജോലി സ്വപ്നം കണ്ട് ഗൾഫിലെത്തിയ നജീബും അറിയാതെ സംഭവിച്ച തെറ്റുകാരണം 18 വർഷം സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനും സാമ്യതകൾ ഏറെയാകും.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് മലയാളികൾ ഉൾപ്പെടെയുളളവർ സമാഹരിച്ച് നൽകിയത്. ഇതിനായി മുൻകൈ എടുത്തത് ബോബി ചെമ്മണ്ണൂരായിരുന്നു. മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയും വിഷയത്തിൽ ഇടപെടൽ നടത്തിയിരുന്നു. ബന്ധപ്പെട്ട കാര്യങ്ങൾ സുരേഷ് ഗോപിയാണ് കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും സൗദി അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തത്.