ന്യൂഡൽഹി : വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്ന ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ കമ്പനി . 20 ഇന്ത്യൻ നിർമ്മിത സൈനിക യുഎവികളാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഇസ്രായേൽ സൈന്യത്തിന് അയച്ചത്.
യുദ്ധത്തിനിടയിൽ, വ്യോമാക്രമണത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കാവുന്ന ഹെർമിസ് 900 ഡ്രോണുകളാണിവ . അദാനി ഗ്രൂപ്പ് അയച്ച ഡ്രോണുകൾ ഗാസയിൽ സജീവമായി വിന്യാസിക്കുമെന്നാണ് റിപ്പോർട്ട് . അദാനി അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് നിർമ്മിച്ചതിന് സമാനമായ ഹെർമിസ് ഡ്രോണുകൾ ഗാസയിൽ ഇസ്രായേലി ഡിഫൻസീവ് ഫോഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .
ഗാസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് ഏപ്രിൽ 5 ന് യുഎൻഎച്ച്ആർസി പ്രമേയം പാസാക്കിയിരുന്നു . ഇന്ത്യയുടെ ഈ തീരുമാനത്തിന് പിന്നാലെയാണ് ആയുധ വിൽപ്പന. ജപ്പാൻ, നെതർലൻഡ്‌സ്, ഫ്രാൻസ്, റൊമാനിയ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.
ഇന്ത്യയുടെ അദാനി ഡിഫൻസും എയ്‌റോസ്‌പേസും ഇസ്രായേലിന്റെ എൽബിറ്റും ചേർന്നുള്ള സംയുക്ത സംരംഭമായ ഹൈദരാബാദ് ആസ്ഥാനമായുള്ള അദാനി-എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും 2018 ലാണ് സംയുക്ത സംരംഭം ആരംഭിച്ചത് . ഇസ്രായേലിന് പുറത്തുള്ള ഒരേയൊരു ഹെർമിസ് 900 ഡ്രോൺ നിർമ്മാണ കേന്ദ്രമാണ് അദാനി ഗ്രൂപ്പിന്റേത് .
ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസുമായി (IWI) സഹകരിച്ച്, ഗ്രൂപ്പ് ചെറുകിട ആയുധ ബിസിനസിന്റെ ഭാഗമായി TAVOR അസോൾട്ട് റൈഫിൾ, X95 അസോൾട്ട് റൈഫിൾ, GALIL സ്‌നൈപ്പർ റൈഫിൾ, NEGEV ലൈറ്റ് മെഷീൻ ഗൺ, UZI സബ്-മെഷീൻ ഗൺ തുടങ്ങിയ ആയുധങ്ങളും നിർമ്മിക്കുന്നുണ്ട് .