രാമനവമി ആഘോഷത്തിനിടെ കല്ലേറും സ്‌ഫോടനവും; മമത പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി

Published by
Janam Web Desk

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെ പശ്ചിമബംഗാളിൽ കല്ലേറും സ്‌ഫോടനവും നടന്ന സംഭവത്തിൽ മമത ബാനർജിക്കും തൃണമൂലിനുമെതിരെ കടുത്ത പ്രതികരണവുമായി ബിജെപി. മുർഷിദാബാദിലെ രജിനഗറിൽ ശക്തിപൂർ മേഖലയിൽ ഉൾപ്പെടെയാണ് ബുധനാഴ്ച വൈകിട്ടോടെ സംഘർഷം ഉണ്ടായത്.

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വീടുകളുടെ മേൽക്കൂരകളിൽ നിന്നുൾപ്പെടെയാണ് കല്ലേറുണ്ടായത്. നേരത്തെ തന്നെ കരുതിക്കൂട്ടി അക്രമം നടത്താനുളള ശ്രമമായിരുന്നു നടന്നത്. നേരത്തെ ഡ്രോൺ വഴി നടത്തിയ പരിശോധനയിൽ ടെറസിൽ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന് മുകളിൽ നിന്ന് ആളുകൾ ഘോഷയാത്ര ലക്ഷ്യമാക്കി കല്ലുകൾ പെറുക്കി എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ലാത്തി വീശിയും ടിയർഗ്യാസ് പൊട്ടിച്ചുമാണ് പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചത്. കല്ലേറിലും സംഘർഷത്തിലും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജിനഗറിലെ ഹിന്ദുവിശ്വാസികളെ ലക്ഷ്യമിട്ടുളള അക്രമമാണ് അരങ്ങേറിയതെന്ന് ബിജെപി ആരോപിച്ചു. ശക്തിപൂരിൽ ഘോഷയാത്രയ്‌ക്കിടെ സ്‌ഫോടനം നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ ഒരു സ്ത്രീയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാമനവമി ഉൾപ്പെടെ ഹൈന്ദവ ആഘോഷങ്ങൾക്കിടെ തീവ്ര മതമൗലിക വാദികൾ പശ്ചിമബംഗാളിൽ അക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്. വോട്ട് ഉറപ്പിക്കാനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും തൃണമൂൽ കോൺഗ്രസും സർക്കാരും ഇതിന് ഒത്താശ ചെയ്യുകയുമാണ്.

Share
Leave a Comment