ടോക്കിയോ : കറുത്ത കരടികളെയും തവിട്ടുനിറത്തിലുള്ള കരടികളെയും വേട്ടയാടാവുന്ന വന്യമൃഗങ്ങളുടെ പട്ടികയിൽപ്പെടുത്തി ജാപ്പനീസ് സർക്കാർ ഉത്തരവിറക്കി. ഈ ഇനത്തിൽപ്പെട്ട കരടികളെ “നിയന്ത്രണത്തിനായി നിയുക്തമാക്കപ്പെട്ട വന്യജീവി ഇനം” (designated wildlife species for control ) എന്ന ലിസ്റ്റിൽ പ്പെടുത്തി ജപ്പാനിലെ പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിറക്കുകയായിരുന്നു. ഈ ലിസ്റ്റിൽ ചേർക്കപ്പെടുന്ന വന്യജീവികളെ വേട്ടയാടുന്നതിന് സർക്കാരിന്റെ സബ്‌സിഡിയും ലഭിക്കും.
ജപ്പാനിൽ കരടി ആക്രമണങ്ങളുടെ എണ്ണം റെക്കോർഡ് വേഗത്തിൽ വർധിച്ചതോടെ, പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിതിഗതികൾ നേരിടാൻ പാടുപെടുകയാണ്. മാർച്ചിൽ അവസാനിച്ച 2023 – 24 സാമ്പത്തിക വർഷത്തിൽ മനുഷ്യർക്ക് നേരെയുള്ള കരടി ആക്രമണം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് സർക്കാർ നിയന്ത്രണ നടപടികൾ ശക്തമാക്കുന്നത്.
നിയന്ത്രണത്തിനായി നിയുക്തമാക്കപ്പെട്ട വന്യജീവി ഇനങ്ങളുടെ പട്ടികയിൽ 2014-ൽ ജാപ്പനീസ് മാനുകളും കാട്ടുപന്നികളും ചേർത്തതിനുശേഷം നടക്കുന്നആദ്യ വിപുലീകരണമാണിത്.
ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ പരിസ്ഥിതി മന്ത്രി ഷിൻ്റാരോ ഇറ്റോ, കരടികളെ നിയന്ത്രിക്കുന്നതിനുളള പ്രാദേശിക സബ്‌സിഡികൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞു.
തവിട്ട് കരടികൾ ജപ്പാനിലെ ഹോക്കൈഡോയിലാണ് കാണപ്പെടുന്നത്, കറുത്ത കരടികൾ ഹോൺഷു, ഷിക്കോകു ദ്വീപുകളിൽ വസിക്കുന്നു. 2012 മുതൽ ക്യുഷു ദ്വീപിൽ കരടികൾ വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
കരടിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കുവാനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയുടെ ഉപദേശത്തെ തുടർന്നാണ് പരിസ്ഥിതി മന്ത്രാലത്തിന്റെ തീരുമാനം ഉണ്ടായത്. ഫെബ്രുവരിയിലെ യോഗത്തിൽ തുകരടികളെ നിയന്ത്രിത ഇനമായി ഉൾപ്പെടുത്താൻ ഈ പാനൽ ശുപാർശ ചെയ്‌തു, എന്നാൽ അമിതമായ വേട്ടയാടലിനെതിരെ ഈ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് നിയുക്ത ഇനങ്ങളായ മാൻ, പന്നി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ കരടികളുടെ പ്രജനന നിരക്ക് കുറവാണ് എന്നതും റിപ്പോർട്ടിലുണ്ട്.
ജാപ്പനീസ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഡിസംബർ വരെ 212 പേർ കരടികളുടെ ആക്രമണത്തിൽപെട്ടിട്ടുണ്ട് .