ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വിജ്ഞാപനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 96 സീറ്റുകളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13-ന് നടക്കും. ഒമ്പത് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുക.
ആന്ധ്രാപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 25-ആണ്. തുടർന്ന് 26-ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 29 ആണ്.
ആന്ധ്രാപ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. ഇവിടെ മെയ് 13-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. ഝാർഖണ്ഡിൽ മെയ് 13,20,25, ജൂൺ 1 എന്നീ തീയതികളിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഒഡീഷയിൽ മെയ് 13,20,25, ജൂൺ 1 എന്നീ തീയതികളിലായി നാല് ഘട്ടമായാകും വോട്ടെടുപ്പ്. തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും മെയ് 13-ന് നടക്കും.
2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആദ്യഘട്ടത്തിൽ അരുണാചൽ പ്രദേശ് (2), അസം (5), ബീഹാർ (4), ഛത്തീസ്ഗഡ് (1), മധ്യപ്രദേശ് (6), മഹാരാഷ്‌ട്ര (5), മണിപ്പൂർ (2), മേഘാലയ (2) , മിസോറാം (1), നാഗാലാൻഡ് (1), രാജസ്ഥാൻ (12), സിക്കിം (1), തമിഴ്‌നാട് (39), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാൾ (3) , ആൻഡമാൻ നിക്കോബാർ (1), ജമ്മു കശ്മീർ (1), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഏപ്രിൽ 19,26, മെയ് 7,13,20,25, ജൂൺ 1 എന്നീ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.