തിരുവനന്തപുരം: ആൻ ടെസ ജോസഫ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ സംതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ സഹമന്ത്രിയും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥിയുമായി വി മുരളീധരൻ. രാജ്യത്തിന് അകത്ത് മാത്രമല്ല ലോകത്തിന്റെ ഏത് കോണിലായാലും മോദിയുടെ ഗ്യാരൻ്റിയെ സധൈര്യം നെഞ്ചോട് ചേർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിലുണ്ടായ തൃശൂർ സ്വദേശിനി ആൻ ടെസ ഇന്ന് ഉച്ചയോടെയാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി രാജ്യത്ത് മടങ്ങിയെത്തിയത്.
കപ്പൽ പിടിച്ചെടുത്ത വിവരം ലഭിച്ചയുടനെ ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപടി തുടങ്ങിയിരുന്നതായി വി മുരളീധരൻ വ്യക്തമാക്കി. ടെഹ്റാനിലുള്ള ഇന്ത്യൻ എംബസി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. ബാക്കിയുള്ള ഇന്ത്യക്കാരെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. യുവതിയെ വിട്ടയക്കാൻ മുൻകൈയെടുത്ത നയതന്ത്ര അധികൃതരോട് നന്ദി അറിയിക്കുന്നയായും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 13 നാണ് ഇസ്രായേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ‘MSC Aries’ കാർഗോ ഷിപ്പ് ഇറാൻ പിടിച്ചെടുത്തത്. ആദ്യം മൂന്ന് മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ കപ്പലിൽ അകപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് തൃശൂർ സ്വദേശിനി ആൻ ടെസ ജോസഫും കപ്പലിലുണ്ടെന്ന സൂചന കുടുംബത്തിന് ലഭിച്ചത്. ഇറാൻ കപ്പൽ റാഞ്ചിയ വിവരം പുറത്ത് വന്നതോടെ ഇന്ത്യക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു.