ന്യൂഡൽഹി: മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിൽ എത്തുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച ഓപ്പറേഷനെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കമ്യൂണിസ്റ്റ് ഭീകരർ ഇപ്പോൾ ഛത്തീസ്ഗഡിലെ നാല് ജില്ലകളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഒരിക്കലും കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളോട് സഹകരിച്ചിരുന്നില്ല. എന്നാൽ സർക്കാർ മാറിയപ്പോൾ സംസ്ഥാനത്തിന്റെ മുൻഗണനയിലും മാറ്റം വന്നു. കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 86 കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 250ലധികം പേർ കീഴടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടം തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ ഈ വിപത്തിനെ രാജ്യത്ത് നിന്ന് പൂർണമായി തുടച്ചുനീക്കാനാകുമെന്ന് എനിക്ക് ഉറപ്പോടെ പറയാൻ സാധിക്കും. ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിച്ചതോടെ ഭീകരർക്കെതിരായ നടപടികളും ശക്തിപ്പെട്ടു. 10 വർഷങ്ങൾക്കിപ്പുറം പല ജില്ലകളിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം സുരക്ഷാസേന നടത്തിയ ഓപ്പറേഷനെ കുറിച്ച് അന്വേഷണം നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസിന് വിവേകം നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും ഈ ഭീകരരുടെ സാന്നിധ്യം ഉണ്ടായിരുന്നു. 10 വർഷത്തെ മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ കമ്യൂണിസ്റ്റ് ഭീകര മേഖലകളിൽ 250 സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചു. ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഈ വിപത്തിൽ നിന്ന് പൂർണമായി പുറത്ത് വന്നുവെന്ന് തനിക്ക് പറയാൻ സാധിക്കുമെന്നും” അമിത് ഷാ വ്യക്തമാക്കി.















