ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ആഘോഷമാക്കി ഗൂഗിൾ ഡൂഡിലും. മഷി അടയാളമുള്ള ചൂണ്ടുവിരലാണ് പുതിയ ഗൂഗിൾ ഡൂഡിൽ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുമ്പോൾ സജീവമായ വോട്ടിംഗ് പ്രക്രിയയെയാണ് ഇത് പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്.
ഗൂഗിൾ ലോഗോയിൽ വരുത്തുന്ന ഹ്രസ്വവും താത്കാലികവുമായ മാറ്റങ്ങളാണ് ഗൂഗിൾ ഡൂഡിലുകൾ. അവധി ദിനങ്ങൾ, പ്രധാനപ്പെട്ട തീയതികൾ, സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾ എന്നിവയ്‌ക്കുൾപ്പെടെ പ്രാദേശികവും ആഗോളവുമായ തീമുകളിലൂടെ ആദരവർപ്പിക്കുന്നതിനാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ, ആനിമേഷനുകൾ, സ്ലൈഡ്‌ഷോകൾ, വീഡിയോകൾ, ഇൻ്ററാക്ടീവ് ഗെയിമുകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ഈ ഡൂഡിലുകൾ അവതരിപ്പിച്ചിരിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് വൈവിധ്യമാർന്ന, ആകർഷകമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.















