തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിലാണ് ശക്തന്റെ തട്ടകം. തൃശൂർ പൂരത്തിന് മാറ്റ് കൂട്ടുന്നത് താളപ്പെരുമയും വെടിക്കെട്ടും കുടമാറ്റവുമൊക്കെയാണ്. തൃശൂർ പൂരത്തിലെ കുടമാറ്റം കാണാൻ വിദേശീയർ പോലും ശക്തന്റെ മണ്ണിലേക്ക് എത്താറുണ്ട്. ഇത്തവണയും കുടമാറ്റത്തിൽ നിരവധി സർപ്രൈസുകളാണ് തിരുവമ്പാടിയും പാറമേക്കാവും ഒരുക്കിയിരിക്കുന്നത്.
അയോദ്ധ്യയേയും ശ്രീരാമനേയും ഉൾപ്പെടുത്തിയിരിക്കുന്ന എൽഇഡി കുടകൾ ഇതിനോടകം തന്നെ തിരുവമ്പാടി അണിനിരത്തിയിട്ടുണ്ട്. കുടമാറ്റത്തിലെ തിരുവമ്പാടി വിഭാഗത്തിലെ ഏറ്റവും അവസാനത്തെ കുട ഏതെന്ന സസ്‌പെൻസാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ചന്ദ്രയാൻ കുടയായിരിക്കും അവസാനമായി തിരുവമ്പാടി അവതരിപ്പിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുടമാറ്റം.