കൊൽക്കത്ത: രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഇത് സംബന്ധിച്ച് ഗവർണർ സിവി ആനന്ദ ബോസിന് അധികാരി കത്തയച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രകോപനപരമായ പ്രസംഗം കാരണമാണ് ഘോഷയാത്രക്കിടെ സംഘർഷങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികാരി ഗവർണർക്ക് കത്തയച്ചത്.
രാമനവമി ദിനത്തിൽ മുർഷിദാബാദിലെ റെജിനഗറിലാണ് സംഘർഷമുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസംഗം മൂലം ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ രാമനവമി ഘോഷയാത്രകൾ തടസപ്പെടുകയും ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തുവെന്ന് അധികാരി എക്സിലൂടെ വിമർശിച്ചു. “ഇത് കലാപത്തിന്റെ ദിവസമാണ്”എന്നതായിരുന്നു പ്രസംഗത്തിനിടെ മമത പറഞ്ഞത്.
രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ 20-ഓളം പേർക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിന്റെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.